ടെഹ്റാന്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു ക്രിമിനലാണെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖമീനി. ഇറാനിലെ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ ട്രംപാണെന്നും ഖമീനി ആരോപിച്ചു. ആയിരക്കണക്കിന് ആളുകള്‍ ഇറാനില്‍ നടന്ന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടു. മനുഷത്വരഹിതമായ രീതിയിലാണ് പലരും കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ദൈവകൃപയാല്‍ രാജ്യദ്രോഹികളെ തകര്‍ക്കാന്‍ ഇറാനായെന്നും ഖമീനി അവകാശപ്പെട്ടു. ഇറാന്‍ പ്രതിഷേധത്തിലെ വിദേശ ഇടപെടല്‍ തെളിയിക്കാനുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം രാജ്യം പുറത്ത് വിടുകയും ചെയ്തു.
അതേസമയം, അടിച്ചമര്‍ത്തല്‍ ശക്തമായതോടെ ഇറാനില്‍ പ്രതിഷേധങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ട്. ടെഹ്റാനില്‍ ജീവിതം സാധാരണനിലയിലേക്ക് മടങ്ങിയെങ്കിലും ഒരാഴ്ചയായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. യു.എസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസ്ററ്സ് ന്യൂസ് ഏജന്‍സിയുടെ കണക്കു പ്രകാരം പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 3090 ആയി.
ഇതിനിടെ, കസ്ററഡിയിലെടുത്ത നൂറുകണക്കിന് പ്രതിഷേധക്കാരെ വധിക്കാത്തതിന് ഇറാന്‍ നേതാക്കള്‍ക്ക് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നന്ദി പറഞ്ഞു. ഇറാന്‍ 800ല്‍ അധികം പേരുടെ തൂക്കിലേറ്റല്‍ റദ്ദാക്കിയെന്ന് ട്രംപ് വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ഈ തീരുമാനത്തെ ബഹുമാനിക്കുന്നെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ വെള്ളിയാഴ്ച ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനോടും നെതന്യാഹുവിനോടും സംസാരിച്ചതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. പ്രതിഷേധങ്ങളെക്കുറിച്ച് റഷ്യ മുമ്പ് മൗനം പാലിച്ചിരുന്നു.യു.എസ് സൈനിക ഇടപെടല്‍ ആഗോള സമ്പദ്വ്യവസ്ഥയെ ഇളക്കിമറിക്കുമെന്നും മേഖലയെ അസ്ഥിരപ്പെടുത്തുമെന്നും ഈജിപ്ത്, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അതിനിടെ, ഇറാനിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന വാക്ക് പാലിക്കണമെന്ന് ഇറാന്റെ നിഷ്കാസിതനായ കിരീടാവകാശി റെസ പഹ്ലവി അമേരിക്കയോട് ആവശ്യപ്പെട്ടു.

Comments: